Tuesday, February 10, 2015

Honda Gold Wing with airbag and abs




നാലു പതിറ്റാണ്ട് മുമ്പ് കൊളോണ്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഹോണ്ട മോട്ടോര്‍ കമ്പനി അവരുടെ ഗോള്‍ഡ് വിങ് അവതരിപ്പിച്ചത്. ഏറെ വൈകാതെ വന്‍കിട രാജ്യങ്ങളില്‍ യുവതലമുറയുടെ ഇഷ്ട മോഡലായി ഈ ആഡംബര മോട്ടോര്‍ സൈക്കിള്‍ മാറി. പിന്നീട് ഗോള്‍ഡ് വിങിന്റെ നിരവധി മോഡലുകളുമിറങ്ങി. നാല്‍പ്പതാം വാര്‍ഷികത്തില്‍ ഹോണ്ട മോട്ടോര്‍ കമ്പനി അവരുടെ ഗോള്‍ഡ് വിങിന്റെ ഏറ്റവും പുതിയ മോഡല്‍ ബൈക്ക് അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ബൈക്ക്. വില ഇന്ത്യയില്‍ 29 ലക്ഷത്തിനടുത്തു വരും. ഏകദേശം ഒരു ആഢംബര കാറിന്റെ വില.
ഒട്ടേറെ പ്രത്യേകതകളുമായാണ് ഹോണ്ട ഗോള്‍ഡ് വിങ് ജിഎല്‍ 1800 ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ലോകത്തിലെ എയര്‍ബാഗുള്ള ആദ്യ മോട്ടോര്‍സൈക്കിളാണിത്. ആഢംബര കാറുകളുടെ യാത്രാനുഭവമാണ് ഗോള്‍ഡ് വിങ് ജിഎല്‍ 1800 വാഗ്ദാനം ചെയ്യുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ ഇരുചക്രവാഹനം. സുരക്ഷയും സുഖവും വിനോദവും കൂട്ടിയിണക്കിയാണ് ഇതിന്റെ രൂപകല്‍പ്പന. ടൂറിങ് ബൈക്ക് വിഭാഗത്തില്‍പെടുന്ന ഗോള്‍ഡ് വിങ് ജിഎല്‍ 1800 ന് ഭാരം കുറഞ്ഞതും എന്നാല്‍ കരുത്തുള്ളതുമായ ട്വിന്‍ സ്പാര്‍ അലുമിനിയം ഫ്രെയിമാണ് ഉപയോഗിക്കുന്നത്. താപനില കുറഞ്ഞ മേഖലകളിലൂടെയുള്ള യാത്രക്കായി ചൂടാക്കാവുന്ന ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്പുകള്‍ , സീറ്റ് എന്നിവയുമുണ്ട് ഇതില്‍. യാത്രയ്ക്കിടെ സംഗീതം ആസ്വദിക്കാനാണ് മ്യൂസിക് സിസ്റ്റം. ആറ് സ്പീക്കര്‍ , 80 വാട്ട്‌സ് സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റം.  ഐപോഡ്, ഐഫോണ്‍, യു.എസ്.ബി എന്നിവ ഇതുമായി കണക്ട് ചെയ്ത് സംഗീതം ആസ്വദിക്കാം. ഭാരം കുറച്ച് കൂടുതലായതുകൊണ്ട് തന്നെ പാര്‍ക്കിങ് എളുപ്പമാക്കാന്‍ ഇലക്ട്രിക് റിവേഴ്‌സ് ഗീയര്‍ സിസ്റ്റവും നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് ക്രൂസ് കണ്‍ട്രോള്‍ സിസ്റ്റം ഹൈവേ യാത്രകള്‍ ആയാസരഹിതമാക്കും. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും ഗോള്‍ഡ് വിങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടു വശത്തും പിന്നിലുമായി ഒരുക്കിയിരിക്കുന്ന ലഗേജ് സ്‌പേസിന് 150 ലിറ്റര്‍ കപ്പാസിറ്റിയുണ്ട്. 25 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി. ആറു സിലിണ്ടര്‍ 1832 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

No comments:

Post a Comment

Note: Only a member of this blog may post a comment.